Wednesday, January 11, 2012

"എന്തുകൊണ്ട് എന്നെ ഉപേക്ഷിച്ചു?"(മാര്‍ക്കോ 15:34)

മനസ്സിലാക്കാന്‍ ഏറെ വിഷമം എന്നല്ല ,അസാധ്യം എന്ന് തന്നെ പറയാവുന്ന ഒരു ഗുരുമോഴിയാണ് മരണത്തിന് മുമ്പുള്ള യേശുവിന്റെ അവസാനത്തെ വാക്കുകളായി ആദ്യത്തെ രണ്ടു സുവിശേഷകന്മാര്‍ അവതരിപ്പിച്ചിരിക്കുന്നത് .ആ സുവിശേഷങ്ങളില്‍ കുരിശില്‍ കിടന്നു യേശു ഉച്ചരിച്ച ഏക തിരുമോഴിയുമാണത് .ഇതിനുശേഷം ഉച്ചത്തില്‍ നിലവിളിച്ചു ജീവന്‍ വെടിഞ്ഞു എന്ന പ്രസ്താവനയെ നല്കുന്നൊള്ളൂ .ലൂക്കായും യോഹന്നാനും ഈ ഗുരുമൊഴി രേഖപ്പെടുത്തിയിട്ടില്ല .എന്താണ് ഈ തിരുവചനത്തിന്റെ അര്‍ത്ഥം ?

ദൈവം തന്നെ കൈവിട്ടിരിക്കുന്നു എന്ന അവബോധം ഉണര്‍ത്തിയ നിരാശയാണോ ഈ ഗുരുമോഴിയില്‍ പ്രതിധ്വനീക്കുന്നത് ? ദൈവപുത്രന്‍ നിരാശപ്പെടുകയോ ? നിരാശനായി കുരിശില്‍ മരിച്ച വ്യക്തി എങ്ങനെ രക്ഷകനാകും ? യേശുവിന്റെ മാതൃഭാഷയില്‍ ഈ നിലവിളി രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ യേശു പറഞ്ഞതാണ് ഈ വാക്കുകള്‍ എന്നതില്‍ സംശയമില്ല .മാതൃഭാഷയായ അരമായയില്‍ രേഖപ്പെടുത്തിയിരിക്കുന്ന വളരെ ചുരുക്കം വാക്കുകളില്‍ ഒന്നാണിത് .അതിനാല്‍ തന്നെ വിശദമായ പഠനവും ആഴമേറിയ പരിചിന്തനവും ആവശ്യമായി വരുന്നു .

ഗ്ദ്സേമനിലെ പ്രാര്‍ഥനയോടെയാണ് പീഡാനുഭവവിവരണം ആരംഭിക്കുന്നത് . അതികഠിനമായ മാനസികസഘര്‍ഷവും വേദനയും അനുഭവിച്ച യേശു ദൈവത്തെ വിളിച്ചു കേണപേക്ഷിച്ചു " ആബ്ബാ ,പിതാവേ ,എല്ലാം അങ്ങേക്ക് സാദ്യമാണ് .ഈ പാനപാത്രം എന്നില്‍നിന്നും മാറ്റിത്തരണമേ ! എന്നാല്‍ എന്റെ ഹിതമല്ല ,അങ്ങേ ഹിതം മാത്രം "(മാര്‍ക്കോ 14:36).ശിശു സഹജമായ സ്നേഹവും അടുപ്പവും വിശ്വാസവും പ്രകടമാക്കുന്ന "ആബ്ബാ " എന്നാ അഭിസംബോധനരൂപമാണ് യേശു ആ പ്രാര്‍ഥനയില്‍ ഉപയോഗിച്ചത് .അങ്ങനെ തന്നെ ആയിരുന്നു യേശിവിന്റെ എല്ലാ പ്രാര്‍ത്ഥനകളും .എന്നാല്‍ ഇവിടെ പതിവിനു വിപരീതമായി "എന്റെ ദൈവമേ " എന്നാണു ദൈവത്തെ വിളിക്കുന്നത്‌ .പിതാവിന്റെ തിരുഹിതത്തിനു എപ്പോഴും പൂര്‍ണ്ണമായി വഴങ്ങിയിരുന്ന ,തിരുഹിതം നിറവേറ്റുക തന്റെ ഭക്ഷണമായി കരുതിയിരുന്ന ,യേശു എന്തെ ഇപ്പോള്‍ ഇങ്ങനെ പ്രാര്‍ഥിക്കുന്നു ? ഹൃദയത്തിന്റെ അഗാതതയില്‍ നിന്നുയര്‍ന്നുവരുന്ന വലിയൊരു വിലാപമാണ് ഈ പ്രാര്‍ത്ഥന :"എന്റെ ദൈവമേ ,എന്റെ ദൈവമേ നീ എന്നെ ഉപേക്ഷിച്ചത് എന്തുകൊണ്ട് ?"(മാര്‍ക്കോ 15:34; മത്താ 27:46)

യേശു യാഥാര്‍ത്തത്തില്‍ വിലപിക്കുകയല്ല ,പരിത്യക്തന്റെ വിലാപം എന്ന് വിശേഷിപ്പിക്കാറുള്ള 22 ആം സഘീര്‍ത്തനം ആലപിക്കുകയായിരുന്നു എന്ന് ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമായി പറയാറുണ്ട്‌ .ആ സംഘീര്‍ത്തനതിന്റെ ആദ്യവാക്യമാണിത് .സംഘീര്‍ത്തകന്‍ അനുഭവിക്കുന്ന പീഡനവും പരിഹാസവും ഭയവും എകാന്തതയുമെല്ലാം തുടര്‍ന്ന് വിവരിക്കുന്നുണ്ട് .എന്നാല്‍ സംഘീര്‍ത്തനത്തിന്റെ രണ്ടാം ഭാഗം (22:22-31) ദൈവം നല്‍കുന്ന സംരക്ഷണവും അതിനു സംഘീര്‍ത്തകന്‍ അര്‍പ്പിക്കുന്ന കൃതജ്ഞതാ പ്രകടനവും വിവരിക്കുന്നു .അതിനാല്‍ ഈ സഘീര്‍ത്തനം ഉരുവിട്ടുകൊണ്ട് യേശു ദൈവത്തിലുള്ള തന്റെ വിശ്വാസവും ദൈവം രക്ഷിക്കും എന്നാ പ്രത്യാശയും ഏറ്റു പറയുകയായിരുന്നു എന്ന് ബൈബിള്‍ വ്യാഖ്യനങ്ങള്‍ അഭിപ്രായപ്പെടുന്നു .പഴയനിയമത്തിലെ ഏതെങ്കിലും ഒരു വാക്യം പുതിയ നിയമത്തില്‍ ഉദ്ധരിച്ചു കാണുമ്പോള്‍ ആ വാക്യം മാത്രമല്ല ,അതുമായി ബന്ധപ്പെട്ട ബൈബിള്‍ വാക്യം മുഴുവന്‍ പരിഗണിക്കണം എന്ന ഒരു പൊതു തത്വമുണ്ട് .അതിനാല്‍ ഒന്നാം വാക്യം ഉച്ചത്തില്‍ ഉരുവിട്ടയാള്‍ ബാക്കിയും തുടര്‍ന്ന് പ്രാര്‍ഥിച്ചു എന്ന് കരുതാന്‍ ന്യായമുണ്ട് .

ഈ വ്യാഖ്യാനവും വിശദീകരണവും സ്വീകരിക്കുമ്പോഴും ഈ ഗുരുമൊഴി അഗാധമായ അര്‍ത്ഥതലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വിലാപമായിരുന്നു എന്ന് അംഗീകരിക്കാതെ വയ്യ .സഘീര്‍ത്തനത്തിലെ പല വിവരണവും അക്ഷരാര്‍ത്ഥത്തില്‍ യേശുവില്‍ നിറവേറിക്കഴിഞ്ഞു . "മനുഷ്യര്‍ക്ക്‌ നിന്ദാപാത്രവും ജനത്തിന് പരിഹാസവിഷയവുമായി "(സങ്കി 22:6-7);ശത്രുക്കള്‍ അവനു ചുറ്റും നിരന്നു (2:12 ;16);അവന്റെ കൈകാലുകള്‍ കുത്തിത്തുളച്ചു (22:16);വസ്ത്രങ്ങള്‍ പങ്കിട്ടെടുത്തു ;അങ്കിക്കായി നറുക്കിട്ടു (22:18)എല്ലാം നഷ്ടപ്പെട്ടവനായിട്ടാണ് യേശു കുരിശില്‍ തൂങ്ങിക്കിടക്കുന്നത് .

അവനു ആത്മാഭിമാനം നഷ്ടപ്പെട്ടു .സുഹൃത്തുക്കളുടെയും ശത്രുക്കളുടെയും മുമ്പില്‍വച്ച് വസ്ത്രം ഉരിഞ്ഞുമാറ്റി .ശക്തനായ പ്രവാചകന്‍ ,അത്ഭുതപ്രവൃത്തകന്‍ ,അനിഷേധ്യനായ ഗുരു ,വരാനിരിക്കുന്ന മിശിഹാ ,ദാവീദിന്റെ പുത്രനായ രാജാവ് എന്നൊക്കെ അറിയപ്പെട്ടിരുന്ന ,ആയിരങ്ങള്‍ ആര്പ്പുവിളിയോടെ അനുഗമിച്ച അവന്‍ ഇപ്പോള്‍ ഏകനായി ,സകല വിശ്വസനീയതയും നഷ്ടപ്പെട്ട് ,കുരിശില്‍ത്തൂങ്ങുന്നു .അവനു സ്വാതന്ത്രവും നഷ്ടപ്പെട്ടു .കൈകാലുകള്‍ കുരിശില്‍ തറച്ചു .ഇറങ്ങിവരാന്‍ വെല്ലുവിളിച്ചിട്ടും അനങ്ങാന്‍ പോലും കഴിയുന്നില്ല .അതികഠിനമായ ശാരീരികവേദനയെക്കാള്‍ ഭീകരമായിരുന്നു ഈ പരിത്യക്തതയും നിസ്സഹായതയും ബലഹീനതയും ഏല്പിച്ച മാനസികവേദന .തന്നോടുകൂടെ നില്‍ക്കും എന്ന് കരുതിയിരുന്ന സുഹൃത്തുക്കള്‍ അധികപങ്കും ഓടിയൊളിച്ചു .അടുത്ത് നിസ്സഹായരായി നോക്കി നില്‍ക്കുന്ന ചുരുക്കം പേര്‍ വേദന വര്‍ദ്ധിപ്പിക്കുന്നതേയൊള്ളൂ .എന്നാല്‍ ഇതിനേക്കാള്‍ ആയിരം മടങ്ങ്‌ വലുതാണ്‌ പിതാവിന്റെ നിശബ്ദത ഏല്‍പ്പിച്ച ,മാനസിഘാകാതം .

ഗത്സെമെനിയില്‍വെച്ചു മുട്ടിപ്പായി പ്രാര്‍ഥിച്ചെങ്കിലും പാനപാത്രം എടുത്തു മാറ്റിയില്ല .അത് മട്ടുവരെ കുടിച്ചുതീര്‍ക്കണം എന്ന പിതാവിന്റെ ഹിതം നിറവേറ്റാന്‍ യേശു തയ്യാറായി .എന്നാല്‍ അവിടെ സഹായവും ശക്തിയുമായി ദൂതന്‍ പ്രത്യക്ഷപ്പെട്ടു ,പിതാവിന്റെ സാന്നിധ്യം അനുഭവവേദ്യമാക്കിയിരുന്നു .എന്നാല്‍ കുരിശില്‍ ,പരിഹാസങ്ങള്‍ക്ക് മധ്യത്തില്‍ പിതാവിന്റെ ശബ്ദം കേള്‍ക്കാനോ സാന്നിദ്യം അനുഭവിക്കാനോ കഴിയാതെ പോകുന്നു എന്നതാണ് അഗാതമായ ദുഖത്തിന്റെ അടിസ്ഥാനകാരണം .കുരിശിന്‍ ചുവട്ടില്‍നീന്ന മതനേതാക്കള്‍ ഉയര്‍ത്തിയ പരിഹാസം ഈ ദുഖത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നതായിരുന്നു :" ഇവന്‍ ദൈവത്തില്‍ ആശ്രയിച്ചു .വേണമെങ്കില്‍ യഹോവ ഇവനെ രക്ഷിക്കട്ടെ .ഞാന്‍ ദൈവപുത്രനാണ് എന്നാണല്ലോ അവന്‍ പറഞ്ഞിരുന്നത് :(മത്താ 27:43). താന്‍ നാളിതുവരെ പറയുകയും പഠിപ്പിക്കുകയും പ്രവൃത്തിക്കുകയും ചെയ്തതെല്ലാം നുണയായിരുന്നു എന്നാ പ്രതീതി ജനിപ്പിക്കുന്നതാണ് കുരിശിലെ യേശുവിന്റെ നിസ്സഹായതയും പിതാവിന്റെ മൌനവും .ഇത് സഹനത്തിന്റെ കൂടുതല്‍ ആഴമേറിയ ഒരു ഒരു തലത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു .
തന്നെ സഹായിക്കാനായി ,കുരിശില്‍ നിന്ന് മോചിപ്പിക്കാനായി പിതാവ് ഇറങ്ങിവന്നില്ല എന്നതല്ല നിലവിളിയില്‍ മുഴങ്ങുന്ന വിലാപം ." നീ എന്നെ ഉപേക്ഷിച്ചതെന്തുകൊണ്ട് ?" ദൈവം തന്നെ കൈവിട്ടിരിക്കുന്നു എന്ന അവബോധം യേശുവിനു താങ്ങാവുന്നതിലപ്പുറമായിരുന്നു .ആരെല്ലാം വെരുത്താലും എതിര്‍ത്താലും കൈവിട്ടാലും പിതാവ് തന്റെ കൂടെയുണ്ടാകും എന്നതായിരുന്നു ജീവശ്വാസത്തെക്കാള്‍ പ്രധാനമായ യേശുവിന്റെ വിശ്വാസം . ആ സാന്നിധ്യം കൂടാതെ ഒരു നിമിഷംപോലും ജീവിക്കാനാവില്ല .എന്നാല്‍ ഇവിടെ, പിതാവ് തന്നെ കൈവിട്ടിരിക്കുന്നു എന്ന അതിഭീകരമായ അവബോധമാണ് യേശുവിന്റെ മാനുഷിക മനസാക്ഷിയിലേക്ക് കിനിഞ്ഞിറങ്ങുന്നത് .ഇത് പാപാവസ്ഥയാണ് ; പാപിയുടെ യഥാര്‍ത്ഥ അവബോധമാണ് .

ഇതുവരെ കണ്ടതും അനുഭവിച്ചതുമായ സഹനങ്ങളെല്ലാം ശാരീരികവും മാനസികവുമായ തലങ്ങളിലായിരുന്നു .അവിടെയെല്ലാം പിതാവിന്റെ സജീവസാന്നിധ്യം യേശുവിനു ശക്തി പകര്‍ന്നിരുന്നു .എന്നാല്‍ ഇപ്പോള്‍ സഹനം ആത്മാവിന്റെ തലത്തിലേക്ക് പ്രവേശിക്കുന്നു.തന്റെ എല്ലാമായ ,ജീവന്റെ ഉറവിടവും അസ്തിത്വത്തിന്റെ നിദാനവുമായ ,പിതാവ്‌ തന്നെ ഉപേക്ഷിച്ചിരിക്കുന്നു എന്ന അവബോധം അതിന്റെ സകല ഭീകരതയോടുംകൂടെ യേശിവിന്റെ വ്യക്തിത്വത്തിന്റെ ആഴങ്ങളെ പിടിച്ചുലച്ചു .ദൈവതില്‍നിന്നകറ്റപ്പെടുക ,ദൈവത്താല്‍ ഉപേക്ഷിക്കപ്പെടുക .അത് നരകമല്ലാതെ മറ്റൊന്നുമല്ല .നരകത്തിന്റെ വക്കില്‍ നില്‍ക്കുന്ന അനുഭവമാണ് യേശുവിന്‍റെ നിലവിളിയില്‍ മുഴങ്ങുന്നത് .

ഇതുവരെ വിളിച്ചിരുന്നതുപോലെ ദൈവത്തെ "ആബ്ബാ " എന്ന് വിളിക്കാന്‍ ഈ മാനസികാവസ്ഥയില്‍ സാധിക്കുന്നില്ല .എന്റെ ദൈവമേ ,എന്ന് മറ്റെല്ലാ മനുഷ്യരെയുംപോലെ യേശുവും വിളിച്ചു കരയുന്നു .പാപം ഒന്നും ചെയ്യാതിരുന്നിട്ടും പാപിയുടെതായ അനുഭവം അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ,തീവ്രതയില്‍ യേശുവിനുണ്ടായി "ക്രിസ്തു നമ്മെപ്രതി ശപിക്കപ്പെട്ടവനായിത്തീര്‍ന്നു :(ഗലാ 3:13) "പാപം അറിയാത്തവനെ ദൈവം നമ്മുക്കുവേണ്ടി പാപമാക്കി (2 കോരി 5:21) എന്നൊക്കെ വി പൌലോസ് ഈ അനുഭവത്തെ വ്യാഖ്യാനിക്കുന്നു ."ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് "(യോഹ 1:29) എന്നാ സ്നാപകവചനങ്ങള്‍ ഇവിടെ പൂര്‍ത്തിയാവുന്നു .പാപപരിഹാരദിനത്തില്‍ ജനത്തിന്റെ പാപം മുഴുവന്‍ ഏറ്റുവാങ്ങി മരുഭൂമിയിലേക്ക് പോകുന്ന ബലിയാടിലൂടെ പ്രതീകാത്മകമായി അവതരിപ്പിച്ചിരുന്നത് കുരിശില്‍ കിടക്കുന്ന യേശുവില്‍ യാഥാര്‍ത്യമായിതീരുന്നു ."നമ്മുടെ അകൃത്യങ്ങള്‍ കര്‍ത്താവ് അവന്റെമേല്‍ ചുമത്തി "(ഏശ 53:6) എന്ന സഹാനദാസനെക്കുറിച്ചുള്ള പ്രവചനവും (ഏശ 52:13-53, 12) ഇവിടെ പൂര്‍ത്തിയാകുന്നു .

മനുഷ്യവര്‍ഗ്ഗത്തിന്റെ മുഴുവന്‍ പാപം ,ലോകത്തിന്റെ പാപം ,അതിന്റെ സകല ഭീകരതയോടുംകൂടെ യേശു ഏറ്റെടുത്തതിന്റെ ഫലമാണ് ദൈവത്തില്‍നിന്നും അകറ്റപ്പെട്ടിരിക്കുന്നു എന്ന ഈ അവബോധം .യേശു കടന്നുപോയ ഏറ്റവും വലിയ സഹനവും ഇതുതന്നെയാണ് .ആത്മാവില്‍ അന്തകാരം വ്യാപിക്കുന്ന നിമിഷം ,തനിക്ക് ദൈവത്തെ നഷ്ടപ്പെട്ടു എന്ന അവബോധം .ഈ അവസ്ഥയുടെ പ്രതിഫലനമാണോ നട്ടുച്ചക്ക് സൂര്യന്‍ അസ്തമിച്ചു എന്ന് സുവിശേഷകന്‍ രേഖപ്പെടുത്തുന്നത് ? യേശു ബെത്ലഹെമില്‍ ജനിച്ചത്‌ അര്‍ദ്ധരാത്രിക്കായിരുന്നു .അന്ന് രക്ഷകനെ പ്രതീക്ഷിച്ചിരുന്നവര്‍ പാതിരാവില്‍ പ്രകാശം കണ്ടു .ഇവിടെ ഗാഗുല്തായില്‍ നട്ടുച്ചക്ക് പ്രകാശം കെട്ടുപോകുന്നു ;ഭൂമി മുഴുവന്‍ അന്ധകാരത്തിലാണ്ടുപോകുന്നു .ജീവന്റെ നാഥനെ കുരിശില്‍ തറച്ചവര്‍ ലോകത്തിന്റെ പ്രകാശം കുത്തിക്കെടുത്തുകയായിരുന്നു.ആഴമളക്കാനാവാത്തത്ര അഗാധമായ് അര്‍ത്ഥതലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ ഗുരുമോഴിയില്‍ ദൈവത്തെ നഷട്ടപ്പെട്ട ഒരു ലോകത്തിന്റെ മുഴുവന്‍ നിലവിളി പ്രതിധ്വനിക്കുന്നു .

പാപത്തിന്റെ ഫലവും പാപിയുടെ അവസ്ഥയും അതിന്റെ പൂര്‍ണ്ണതയില്‍ യേശു അനുഭവിച്ചു .ഇനി അവന്‍ അനുഭവിക്കാത്തതായ ഒരു വേദനയുമില്ല ; ദുഃഖവുമില്ല .ദൈവത്തെപ്പോലും നഷ്ടപ്പെടുന അനുഭവത്തിലൂടെ അവന്‍ കടന്നുപോയി . ഇതിലൂടെയാണ് ലോകത്തിന്റെ പാപം പരിഹരിക്കപ്പെടുന്നത് , മനുഷ്യവര്‍ഗ്ഗത്തിന് രക്ഷ ലഭ്യമാകുന്നത് . "അവന്റെ മേലുള്ള ശിക്ഷ നമുക്ക് രക്ഷ നല്‍കി "(ഏശ 53:5)." അവനില്‍ നാം എല്ലാവരും ദൈവത്തിന്റെ നീതിയാകേണ്ടതിനുവേണ്ടി "(2 കൊറി 5:21) യാണ് അവനെ പാപമാക്കിയത് .കണ്ണിരോടും വലിയ വിലാപത്തോടുംകൂടെ പിതാവിന്റെ മുമ്പില്‍ പ്രാര്‍ഥനകളും യാചനകളും സമര്‍പ്പിച്ച "അവന്റെ ദൈവഭയം മൂലം അവന്റെ പ്രാര്‍ത്ഥന കേട്ടു .പുത്രനായിരുന്നിട്ടും തന്റെ സഹനത്തിലൂടെ അവന്‍ അനുസരണം അഭ്യസിച്ചു .പരിപൂര്‍ണനാക്കപ്പെട്ടതുവഴി അവന്‍ തന്നെ അനുസരിക്കുന്നവര്‍ക്കെല്ലാം നിത്യരക്ഷയുടെ ഉറവിടമായി "(ഹെബ്രാ 5:7-8)"അവന്‍ പീഡ സഹിക്കുകയും പരീക്ഷിക്കപ്പെടുകയും ചെയ്തുകൊണ്ട് പരീക്ഷിക്കപ്പെടുന്നവരെ സഹായിക്കാന്‍ അവനു സാധിക്കുമല്ലോ "(ഹെബ്രാ 2:18).

പ്രത്യക്ഷത്തില്‍ നിരാശന്റെ നിലവിളിയായി തോന്നുമെങ്കിലും യേശു ദൈവത്തിലുള്ള വിശ്വാസവും പ്രത്യാശയും കൈവെടിയുന്നില്ല എന്ന് ഈ പ്രാര്‍ത്ഥനതന്നെ വെളിപ്പെടുത്തുന്നു ."എന്റെ ദൈവമേ " എന്ന ആവര്‍ത്തിച്ചുള്ള വിളിതന്നെ അതിനു തെളിവാണ് .ദൈവം തന്നെ കൈവിട്ടുവെന്നു സാഹചര്യങ്ങളില്‍നിന്നു തോന്നിയാലും താന്‍ ദൈവത്തിന്റെ കൈവിടുകയില്ല എന്നാ പ്രഖ്യാപനമാണിത് ;നിലയില്ലാക്കയത്തില്‍ മുങ്ങിത്താഴുന്നവന്‍ തനിക്ക് കിട്ടിയിരിക്കുന്ന ആവസാനത്തെ പിടിവള്ളിയില്‍ അള്ളിപ്പിടിക്കുന്നതുപോലെ,.ഇത് ഒരു വിശ്വാസിയുടെ പ്രാര്‍ത്ഥനയാണ് ;എല്ലാ സാഹചര്യങ്ങളും തനിക്കെതിരാകുമ്പോഴും ,ദൈവം പോലും കൈവിട്ടു എന്ന് തോന്നുമ്പോഴും ,നിരാശയില്‍ വീഴാന്‍ വിസമ്മതിക്കുന്ന വീരോചിതമായ വിശ്വാസത്തിന്റെ ശക്തമായ പ്രഖ്യാപനം .

ദൈവത്തോടുള്ള സമാനത നിലനിര്‍ത്തേണ്ട കാര്യമായി പരിഗണിക്കാതെ മനുഷ്യാവതരവേലയില്‍ സ്വയം ശൂന്യവല്‍ക്കരിച്ചവന്‍ (ഫയലി 2:6-9)മനുഷ്യന്റെ സകല പാപങ്ങളും ദുഃഖങ്ങലും ഏറ്റെടുത്തു .അവയെല്ലാം കുരിശില്‍ തറച്ചു മനുഷ്യന് മോചനം നല്‍കിയതിന്റെ വ്യക്തമായ ഒരു പ്രഖ്യാപണ് ആ നിലവിളി .ദൈവികസാന്നിദ്യത്തില്‍ നിന്ന് അകറ്റപ്പെട്ടു എന്നാ അവബോധതിലൂടെ കടന്നുപോയവന്‍ ദൈവത്തിലുള്ള പിടിവിടാതെ കാത്തു .നരകകവാടത്തിലെത്തിയവന്‍ അവിടെനിന്നു പിതൃസന്നിധിയിലേക്ക് വീണ്ടും പ്രവേശിച്ചു .പാതളത്തിലിറങ്ങി ,അവിടെനിന്നു സ്വര്‍ഗ്ഗത്തിലേക്ക് കരേറി എന്നാ വിശ്വാസപ്രഖ്യാപനത്തില്‍ ഈ ഗുരുമോഴിയുടെയും അര്‍ഥം കണ്ടെത്താന്‍ കഴിയും .

Author; ഡോ :മൈക്കില്‍ കാരിമറ്റം